കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ സംഭവിക്കുന്നത്

സംസ്ഥാനത്ത് യു.ഡി.എഫ്. ഭരണം നിലവില്‍ വന്നതോടെ ഉന്നതവിദ്യാഭ്യാസ രംഗത്ത് അഴിമതിയും സ്വജനപക്ഷപാതവും ജനാധിപത്യധ്വംസനവും നടക്കുകയാണ്. കാലക്കറ്റ് സര്‍വ്വകലാശാലയില്‍ കഴീഞ്ഞ ഏതാനും മാസങ്ങളായി കൈക്കൊള്ളുന്ന ഭരണ നടപടികള്‍ സാമൂഹ്യനീതിയെത്തന്നെ വെല്ലുവിളിക്കുന്ന തരത്തിലുള്ളതാണ്. വൈസ് ചാന്‍സലറും പ്രോവൈസ് ചാന്‍സലറും രജിസ്ട്രാറും സിന്‍ഡിക്കേറ്റും ചേര്‍ന്ന് നടത്തുന്ന ദുര്‍ഭരണം ജനാധിപത്യ മര്യാദകളെയെല്ലാം നിഹനിക്കുന്ന തരത്തിലുള്ളതാണ്.

ജനാധിപത്യധ്വംസന നടപടികള്‍

ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സിന്‍ഡിക്കേറ്റിനെ പിരിച്ച് വിട്ടുകൊണ്ടാണ് ഇപ്പോഴത്തെ നോമിനേറ്റഡ് സിന്‍ഡിക്കേറ്റ് നിലവില്‍ വന്നിട്ടുള്ളത്. സെനറ്റ് തെരഞ്ഞെടുപ്പിനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചിരുന്നതിനാല്‍ നിലവിലുള്ള സിണ്ടിക്കേറ്റിനെ പിരിച്ചു വിടാന്‍ സര്‍വ്വകാലാശാല നിയമം അനുവദിക്കുന്നില്ല. എന്നിട്ടും തുടങ്ങിവച്ച സെനറ്റ് തെരഞ്ഞെടുപ്പ് പ്രക്രിയ റദ്ദ് ചെയ്തുകൊണ്ടാണ് നോമിനേറ്റഡ് സിണ്ടിക്കേറ്റിനെ അവരോധിച്ചിട്ടുള്ളത്. നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട സിണ്ടിക്കേറ്റ് അംഗങ്ങളിലൊരാള്‍ കോളേജ് പ്രിന്‍സിപ്പള്‍മാരുടെ മണ്ഡലത്തില്‍ നിന്നും നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടയാളാണ്. നാമനിര്‍ദ്ദേശം ചെയ്യപ്പെടുമ്പോള്‍ അദ്ദേഹത്തിന് കോളേജ് പ്രിന്‍സിപ്പളായി സര്‍വ്വകലാശാല അംഗീകാരം നല്‍കിയിരുന്നില്ല. അനധികൃതമായി സിണ്ടിക്കേറ്റ് പിരിച്ചുവിട്ട നടപടിയെ ചോദ്യം ചെയ്തുകൊണ്ട് ബഹു: ഹൈക്കോടതിയില്‍ ഒരു കേസ് നിലനില്‍ക്കുന്നുണ്ട്. പുതിയ സെനറ്റ് തിരഞ്ഞെടുപ്പിനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചുവെങ്കിലും ഇത് തടസ്സപ്പെടുത്തുന്നതിന് വേണ്ടിയുള്ള ശ്രമങ്ങള്‍ നടന്നു കൊണ്ടിരിക്കുന്നു. പ്രൈവറ്റ് കോളേജ് അധ്യാപകരുടെ മണ്ഡലത്തില്‍ ഇലക്ട്രല്‍ റോള്‍ പ്രസിദ്ധീകരിക്കേണ്ട തിയ്യതി 2012 ഫെബ്രുവരി ഒന്നിനായിരുന്നു. എന്നാല്‍ ഈ തിയ്യതി മെയ് 31 വരെ ദീര്‍ഘിപ്പിച്ചുകൊണ്ട് സര്‍വ്വകലാശാല വീണ്ടും ഉത്തരവിറക്കിയത് സെനറ്റ് തിരഞ്ഞെടുപ്പ പരമാവധി നീട്ടിക്കൊണ്ട് പോവുകയെന്ന ലക്ഷ്യം വച്ചുകൊണ്ടാണ്.

തെരഞ്ഞെടുക്കപ്പെട്ട സിണ്ടിക്കേറ്റിനെ പിരിച്ചുവിട്ട നടപടി അത്യന്തം ഹീനവും ഒരു ഉന്നത വിദ്യാഭ്യാസ കേന്ദ്രം ഉയര്‍ത്തിപ്പിടിക്കേണ്ട ഉന്നതമൂല്യങ്ങള്‍ക്ക് വിരുദ്ധവും സര്‍വ്വകലാശാലകളുടെ സ്വയംഭരണാവകാശത്തിന്മേലുള്ള കൈയ്യേറ്റവും സര്‍വ്വകലാശാലയുടെ പുരോഗതിയില്‍ നിര്‍ണ്ണായകമായ സംഭാവനകള്‍ അര്‍പ്പിച്ച കഴിഞ്ഞ ഇടതുപക്ഷ സിണ്ടിക്കേറ്റിനെതിരെ വസ്തുതാവിരുദ്ധമായ ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ട് വൈസ് ചാന്‍സലര്‍ ഡോ: അബ്ദുള്‍ സലാം ഗവര്‍ണര്‍ക്ക് കത്തെഴുതി. സര്‍വ്വകലാശാലയുടെ ആക്റ്റിനും സ്റ്റാറ്റ്യൂട്ടിനും വിരുദ്ധമായാണ് പ്രസ്തുത സിണ്ടിക്കേറ്റ് പ്രവര്‍ത്തിച്ചിരുന്നത് എന്നാണ് അദ്ദേഹം ആരോപിച്ചത്. കഴിഞ്ഞ ഇടതുപക്ഷ സിണ്ടിക്കേറ്റിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് യാതൊന്നും തന്നെ അറിയുവാന്‍ പുതിയ വൈസ് ചാന്‍സലര്‍ക്ക് അവസരം ലഭിച്ചിരുന്നില്ല. അധികാരം ഏറ്റെടുത്ത് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഇത്തരം ഒരു പരാതി അദ്ദേഹം ഗവര്‍ണര്‍ക്ക് നല്‍കിയത് കാര്യങ്ങള്‍ കൃത്യമായി ഗ്രഹിച്ചുകൊണ്ടായിരുന്നില്ലെന്ന് സ്പഷ്ടം. തികച്ചും രാഷ്ട്രീയ പ്രേരിതമായ ഒരു നടപടിയായി മാത്രമേ ഇതിനെ കാണാന്‍ കഴിയൂ.

ക്രഡിറ്റ് സെമസ്റ്റര്‍ സമ്പ്രദായം അട്ടിമറിച്ചു

പ്ലസ് ടൂ തലം വരെ നടപ്പാക്കിയ പരീക്ഷാ പരിഷ്‌കരണ രീതി ബിരുദ തലത്തിലേക്കുകൂടി വ്യാപിപ്പിക്കണമെന്നത് കഴിഞ്ഞ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ ഉന്നത വിദ്യാഭ്യാസ രംഗത്ത് കൈക്കൊണ്ട ഏറ്റവും പ്രശംസനീയമായ ഒരു ഭരണ നടപടിയായിരുന്നു. ബിരുദ തലത്തില്‍ ചോയിസ് ബെയ്‌സ്ഡ് ക്രഡിറ്റ് സെമസ്റ്റര്‍ സമ്പ്രദായം (സി.സി.എസ്.എസ്) നടപ്പാക്കണമെന്ന് സര്‍ക്കാര്‍ തീരുമാനം ആദ്യമായി നടപ്പിലാക്കിയത് കോഴിക്കോട് സര്‍വ്വകലാശാലയിലായിരുന്നു. സ്വകാര്യ വിദ്യാഭ്യാസ ലോബികളുടെയും പ്രിന്‍സിപ്പല്‍ കൗണ്‍സിലിന്റെയും കടുത്ത എതിര്‍പ്പുകളെ അതിജീവിച്ചുകൊണ്ടാണ് സംസ്ഥാനത്ത് ആദ്യമായി കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ പുതിയ പരീക്ഷാ സമ്പ്രദായം നടപ്പിലാക്കിയത്. ഈ സമ്പ്രദായത്തെ പിന്നീട് കോളേജ് പ്രിന്‍സിപ്പല്‍മാര്‍ പ്രശംസിച്ചു എന്നതും പ്രസ്താവ്യമാണ്. കോളേജുകളില്‍ അക്കാദമിക് അന്തരീക്ഷം ഉളവാക്കുവാനും കുട്ടികള്‍ക്ക് കൂടുതല്‍ പ്രയോജനപ്രദമാക്കുവാനും ഈ സമ്പ്രദായത്തിനു കഴിഞ്ഞിട്ടുണ്ടെന്നത് പ്രസ്താവ്യമാണ്. ഈ സമ്പ്രദായം ഫലപ്രദമായി നടപ്പിലാക്കിക്കൊണ്ടിരുന്ന ഘട്ടത്തിലാണ് യു.ഡി.എഫ്. നോമിനേറ്റഡ് സിണ്ടിക്കേറ്റ് അധികാരത്തിലെത്തുന്നത്. അധികാരത്തിലെത്തിയ ഉടന്‍തന്നെ സി.സി.എസ്.എസ് നടപ്പിലാക്കുന്നതിനു വേണ്ടി രൂപീകരിച്ചിരുന്ന കമ്മിറ്റിയുടെ പ്രവര്‍ത്തനം അവര്‍ മരവിപ്പിച്ചു. ഇതിന്റെ ഫലമായി സെമസ്റ്റര്‍ പരീക്ഷകളും ഫല പ്രഖ്യാപനങ്ങളും യഥാസമയം നടത്തുവാന്‍ കഴിഞ്ഞില്ല. കാലാനുസൃതമായി കൊണ്ടുവന്ന മഹത്തായ ഒരു വിദ്യാഭ്യാസ പരിഷ്‌കാരത്തെ വളരെ ആസൂത്രിതമായി ഇവര്‍ അട്ടിമറിക്കുകയായിരുന്നു. തങ്ങളുടെ തൊഴിലില്‍ ആത്മാര്‍ത്ഥതയില്ലാത്ത ഒരു കൂട്ടം യൂ.ഡി.എഫ് അധ്യാപക സംഘടനാ നേതാക്കളുടെ താല്പര്യങ്ങള്‍ക്ക് വഴങ്ങിയാണ് യൂ.ജി.സി.യും, നാക്കും (ചഅഅഇ) മുക്തകണ്ഠം പ്രശംസിച്ച ഈ സമ്പ്രദായത്തെ സിണ്ടിക്കേറ്റ് അട്ടിമറിക്കുന്നത്. ഈയിടെ അക്കാദമിക് സ്റ്റാഫ് കോളേജ് സന്ദര്‍ശിച്ച നാക്ക് ടീം സര്‍വ്വകലാശാലയെ അഭിനന്ദിച്ചിരുന്നു. എന്നാല്‍ എല്ലാ കുഴപ്പങ്ങള്‍ക്കും കാരണം സി.സി.എസ്.എസ്. ആണെന്നാണ് ഇവര്‍ പ്രചരിപ്പിക്കുന്നത്. അതുകൊണ്ടു തന്നെ കഴിഞ്ഞ വര്‍ഷം പ്രവേശനം ലഭിച്ച ഒന്നാം സെമസ്റ്റര്‍ വിദ്യാര്‍ത്ഥികള്‍ക്ക് സെമസ്റ്റര്‍ പരീക്ഷകള്‍ക്കു പകരം വാര്‍ഷിക പരീക്ഷകള്‍ നടത്തുവാനാണ് ആലോചിക്കുന്നത്. കുറ്റം പരീക്ഷാ സമ്പ്രദായത്തിന്റേതായിരുന്നില്ല. മറിച്ച് അതു നടപ്പാക്കുന്നതില്‍ യുനിവേഴ്‌സിറ്റി അധികാരികള്‍ പ്രദര്‍ശിപ്പിച്ച കെടുകാര്യസ്ഥതയാണ് കുഴപ്പങ്ങള്‍ക്കു കാരണമായത്. സ്വകാര്യ വിദ്യാഭ്യാസ കച്ചവടക്കാരുടെ താല്പര്യങ്ങള്‍ മാത്രം സംരക്ഷിക്കാനാണ് വൈസ് ചാന്‍സലറും സിണ്ടിക്കേറ്റും തയ്യാറായിട്ടുള്ളത്. ലക്ഷക്കണക്കിനു വിദ്യാര്‍ത്ഥികളുടെ ഭാവി തുലച്ചുകൊണ്ടാണ് ഇവര്‍ ഈ കച്ചവടത്തിന് കൂട്ടുനിന്നിട്ടുള്ളത്. ഉന്നത വിദ്യാഭ്യാസത്തിന്റെ നിലവാര തകര്‍ച്ചയ്ക്ക് ഇതു ഇടയാക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

പരീക്ഷാ പുന:സംഘടന : സ്വാശ്രയ മാനേജുമെന്റുകളെ സഹായിക്കാന്‍

പരീക്ഷാ പുന:സംഘടനയുടെ പേരില്‍ നടത്തിക്കൊണ്ടിരുക്കുന്ന കൊള്ളരുതായ്മകളെല്ലാം സ്വാശ്രയ മാനേജുമെന്റുകളെ തൃപ്തിപ്പെടുത്തുന്നതിനു വേണ്ടിയാണ്. നാളിതുവരെ പരീക്ഷാ കാര്യങ്ങളിലും അതിന്റെ രഹസ്യാത്മക സ്വഭാവത്തിലും സിണ്ടിക്കേറ്റ് അംഗങ്ങള്‍ ഇടപ്പെട്ടിരുന്നില്ല. പരീക്ഷാ സ്റ്റാന്റിംഗ് കമ്മിറ്റി നയപരമായ തീരുമാനങ്ങള്‍ മാത്രമേ എടുത്തിരുന്നുള്ളു. എന്നാലിപ്പോള്‍, പരീക്ഷാ വിഭാഗത്തിലെ ഓരോ ബ്രാഞ്ചിന്റേയും ചുമതല സിണ്ടിക്കേറ്റ് അംഗങ്ങള്‍ക്ക് വീതം വെച്ച് നല്‍കിയിരിക്കുന്നു. ഇവര്‍ പരീക്ഷാ ഭവന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ നേരിട്ടിടപെടുന്നു. മന്ത്രിമാര്‍ ഭരണകാര്യങ്ങളില്‍ ഇടപെടുന്നതു പോലെ സിണ്ടിക്കേറ്റംഗങ്ങള്‍ക്ക് പരീക്ഷാ കാര്യങ്ങളില്‍ ഇടപെടാന്‍ കഴിയില്ല. സെഷനില്‍ ആയിരിക്കുമ്പോള്‍ മാത്രമാണ് സിണ്ടിക്കേറ്റിന് അധികാരമുള്ളത്. അനധികൃതമായ ഈ ഇടപെടല്‍ അനഭിലഷണീയമായ പല പ്രവണതകള്‍ക്കും കാരണമായിത്തീരും. ഇതു വിദ്യാര്‍ത്ഥികളുടെ ഭാവി അനിശ്ചിതത്വത്തിലാക്കുമെന്ന കാര്യം തീര്‍ച്ചയാണ്.

കഴിഞ്ഞ നാല്പത്തിമൂന്ന് വര്‍ഷമായി ഫലപ്രദമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന പരീക്ഷാ സംവിധാനമാകെ അട്ടിമറിച്ചിരിക്കുന്നു. ബന്ധപ്പെട്ട സമിതികളിലൊന്നും ചര്‍ച്ചചെയ്യാതെയാണ് ഈ നയം മാറ്റം നടപ്പാക്കിയിട്ടുള്ളത്. ഫലപ്രഖ്യാപനം കുറ്റമറ്റതും കാര്യക്ഷമവും ആക്കുന്നതിനുവേണ്ടി പുന:പരിശോധനാ വിഭാഗവും ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ തയ്യാറാക്കുന്ന വിഭാഗവും പ്രതേ്യകമായി പ്രവര്‍ത്തിച്ചിരുന്നു. ഇവയെല്ലാം ഇപ്പോള്‍ പൊതുവിഭാഗത്തിലേക്ക് മാറ്റിയിരിക്കുന്നു. ഒരു കുട്ടിയുടെ റജിസ്‌ട്രേഷന്‍ മുതല്‍ ബിരുദ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതു വരെയുള്ള ജോലികള്‍ ഒരേ സെക്ഷനില്‍ തന്നെ ചെയ്യേണ്ടി വരും. ഫലത്തില്‍ ക്രോസ്സ് ചെക്കിങ്ങിന് അവസരം ഇല്ലാതെയാവും. ഈ പരിഷ്‌കാരവും വിദ്യാര്‍ത്ഥികളെ പ്രതികൂലമായി ബാധിക്കും.

പരീക്ഷാ ചുമതല തന്നെ വികേന്ദ്രീകരിച്ചിരിക്കുകയാണ്. ഇനിമേലില്‍ പരീക്ഷ നടത്തുവാനുള്ള അധികാരം സ്വകാര്യ കോളേജുകള്‍ക്കും സ്വാശ്രയ കോളേജുകള്‍ക്കും നല്‍കുവാന്‍ സര്‍വ്വകലാശാല തീരുമാനിച്ചിരിക്കുന്നു. സര്‍വ്വകലാശാല നല്‍കുന്ന ചോദ്യ പേപ്പറുകള്‍ ഉപയോഗിച്ച് കോളേജുകള്‍ പരീക്ഷ നടത്തും. മൂല്യനിര്‍ണ്ണയത്തിനുള്ള ചുമതലയും കോളേജുകള്‍ക്കായിരിക്കും. അവര്‍ മൂല്യനിര്‍ണ്ണയത്തിനു ശേഷം മാര്‍ക്കുകള്‍ സര്‍വ്വകലാശാലയുടെ വെബ്‌സൈറ്റിലേക്ക് അപ്പ്‌ലോഡ് ചെയ്യും. ഈ മാര്‍ക്കുകള്‍ ഡൗണ്‍ലോഡ് ചെയ്ത് ഫലപ്രഖ്യാപനം നടത്തി ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുകയെന്നതു മാത്രമായിരിക്കും സര്‍വ്വകലാശാലയുടെ ചുമതല. ഇപ്പോള്‍ വിദ്യാഭ്യാസ കച്ചവട രംഗത്ത് പിടിമുറുക്കിയിട്ടുള്ള സ്വശ്രയ മാനേജുമെന്റുകളെ വഴിവിട്ടു സഹായിക്കുന്നതിനു വേണ്ടിയാണ് ഈ പരിഷ്‌കരണവും. സ്വശ്രയ കോളേജുകള്‍ പരീക്ഷാ നടത്തിപ്പും മൂല്യനിര്‍ണ്ണയവും നടത്തിയാല്‍ എന്താണ് സംഭവിക്കുക എന്നതിന് കരുണ മെഡിക്കല്‍ കോളേജിലെ കൂട്ടക്കോപ്പിയടി തന്നെ ഉദാഹരണം. പരീക്ഷ എഴുതലും മൂല്യനിര്‍ണ്ണയവും മാര്‍ക്കിടലും കൂടി കച്ചവടച്ചരക്ക് ആക്കാനാണ് യുനിവേഴ്‌സിറ്റിയുടെ നീക്കം. സിണ്ടിക്കേറ്റംഗങ്ങള്‍ ബോര്‍ഡ് ചെയര്‍മാന്‍മാരേയും പരീക്ഷകരേയും നേരിട്ട് വിളിച്ച് ഭീഷണിപ്പെടുത്തുന്നതായി പരാതിയുയര്‍ന്നിട്ടുണ്ട്. പരീക്ഷയുടെ സ്വകാര്യത നഷ്ടപ്പെടുത്തി ചോദ്യക്കടലാസ്സ് ആര്‍ക്കും എപ്പോഴും ലഭിക്കാവുന്ന രീതിയിലാണ് പുത്തന്‍ പരീക്ഷാ പരിഷ്‌കരണം. ഇത്തരം നയപരമായ കാര്യങ്ങളില്‍ തീരുമാനമെടുക്കേണ്ടത് ബോര്‍ഡ് ഓഫ് സ്റ്റഡീസും അക്കാദമിക് കൗണ്‍സിലുമാണെന്നിരിക്കെ അവരോടൊന്നും ആലോചിക്കാതെയാണ് ഗുരുതരമായ പ്രത്യാഘാതങ്ങളുള്ള ഈ തീരുമാനം കൈക്കൊണ്ടിട്ടുള്ളത്.

വൈസ് ചാന്‍സലറുടെ അധ്യക്ഷതയില്‍ 13.01.2012-ന് ചേര്‍ന്ന ജെ.സി.ഇ.മാരുടെ യോഗമാണ് നിര്‍ണ്ണായകമായ ഈ തീരുമാനം കൈക്കൊണ്ടത്. സാധാരണഗതിയില്‍ അക്കാദമിക് കൗണ്‍സിലും ബോര്‍ഡ് ഓഫ് സ്റ്റഡീസും ആണ് ഇത്തരം തീരുമാനങ്ങളെടുക്കേണ്ടത്. 06.02.2012-നു ചേര്‍ന്ന ബോര്‍ഡ് ഓഫ് സ്റ്റഡീസ് ചെയര്‍മാന്‍മാരുടെ യോഗം പ്രസ്തുത തീരുമാനത്തില്‍ പ്രതിഷേധിക്കുകയും പരീക്ഷാ സംവിധാനം പഴയ രീതിയില്‍ തന്നെ തുടരണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രമേയം അംഗീകരിക്കുകയും ചെയ്തു.

നിയമങ്ങള്‍ കാറ്റില്‍ പറത്തുന്നു

സര്‍വ്വകലാശാലാ നിയമങ്ങളെ കാറ്റില്‍ പറത്തിക്കൊണ്ട് സര്‍വ്വകലാശാലാ അധികാരികള്‍ കൈക്കൊണ്ടിട്ടുള്ള നിരവധി ഭരണ നടപടികള്‍ ഇതിനോടകം വന്‍ വിവാദമായി മാറി കഴിഞ്ഞിരിക്കുന്നു. കാലിക്കറ്റ് യുനിവേഴ്‌സിറ്റി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിങ് ആന്റ് ടെക്‌നോളജിയിലെ മൂന്നാം സെമസ്റ്റര്‍ വിദ്യാര്‍ത്ഥിയായിരുന്ന നിര്‍മ്മല്‍ മാധവന് കാലിക്കറ്റ് എഞ്ചിനീയറിങ് കോളേജില്‍ അഞ്ചാം സെമസ്റ്ററില്‍ പ്രവേശനം നല്‍കിയത് വന്‍ കോളിളക്കം സൃഷ്ടിച്ചിരുന്നു. ഇതിന്റെ പിന്നാലെ കരുണാ മെഡിക്കല്‍ കോളേജില്‍ ഒന്നാം വര്‍ഷ എം.ബി.ബി.എസ്. അഡീഷണല്‍ പരീക്ഷയില്‍ (2011 മാര്‍ച്ച്) നടന്ന കൂട്ട കോപ്പിയടിയും വന്‍ വിവാദമായി. ഇതേക്കുറിച്ചന്വേഷിക്കാന്‍ സര്‍വ്വകലാശാല നിയോഗിച്ച വിദഗ്ദ്ധ സമിതി 36 കുട്ടികള്‍ പരീക്ഷാ ക്രമക്കേട് നടത്തിയിട്ടുണ്ടെന്നു കണ്ടെത്തി. ഈ കണ്ടെത്തലുകളെ അവഗണിച്ചുകൊണ്ടാണ് നോമിനേറ്റഡ് സിണ്ടിക്കേറ്റ് ഈ കുട്ടികളെ കുറ്റവിമുക്തരായി പ്രഖ്യാപിച്ചുകൊണ്ട് അവരുടെ പരീക്ഷാ ഫലം പുറത്തുവിട്ടത്. ഇതിന്റെ പിറകില്‍ ലക്ഷങ്ങളുടെ അഴിമതി നടന്നിട്ടുണ്ടെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
കോഴിക്കോട് ലോ കോളേജിലെ ഒരു വിദ്യാര്‍ത്ഥിനിക്ക് നാലാം സെമസ്റ്റര്‍ പരീക്ഷ എഴുതുവാന്‍ ക്രമപ്രകാരമല്ലാതെ അനുവാദം നല്‍കിയതും വിവാദമായി മാറി. പരീക്ഷയെഴുതുവാന്‍ ആവശ്യമായത്ര ഹാജരില്ലാതിരുന്നിട്ടും റെഗുലേഷന്‍ മറികടന്നുകൊണ്ട് പരീക്ഷയെഴുതുവാന്‍ ഈ വിദ്യാര്‍ത്ഥിനിയെ അനുവദിക്കുകയായിരുന്നു. ഈ സൗകര്യം ഇതേപോലുള്ള മറ്റ് വിദ്യാര്‍ത്ഥികള്‍ക്ക് നിഷേധിച്ചുകൊണ്ടാണ് വി.സി. ഇത് ചെയ്തത്. അക്കിക്കാവ് പി.എസ്.എം. ദന്തല്‍ കോളേജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥി രജത് കൃഷ്ണന് തോറ്റപരീക്ഷയില്‍ വീണ്ടുമെഴുതുവാന്‍ അനുമതി നല്കിയത് ചട്ടങ്ങള്‍ മിറകടന്നു കൊണ്ടായിരുന്നു. ഒന്നാം വര്‍ഷ പരീക്ഷയില്‍ തോറ്റ വിദ്യാര്‍ത്ഥി പുനര്‍മൂല്യനിര്‍ണ്ണയത്തിന് അപേക്ഷ സമര്‍പ്പിച്ചിരുന്നു. റഗുലേഷന്‍ അനുസരിച്ച് ഒന്നാം വര്‍ഷ പരീക്ഷയില്‍ തോറ്റ വിദ്യാര്‍ത്ഥിയക്ക് രണ്ടാം വര്‍ഷ പരീക്ഷയെഴുതുവാന്‍ കഴിയില്ല. റഗുലേഷനിലെ പ്രസ്തുത വ്യവസ്ഥ നിലനില്‍ക്കെയാണ് രജത് കൃഷ്ണന് പരീക്ഷയ്ക്കിരിക്കുവാന്‍ അനുമതി നല്കിയത്.

അഴിമതി നിയമനങ്ങളും ധൂര്‍ത്തും

മുന്‍ യൂ.ഡി.എഫ്. സര്‍ക്കാരിന്റെ കാലഘട്ടത്തില്‍ സര്‍വ്വകലാശാലയില്‍ നടന്ന അധ്യാപക അനധ്യാപക നിയമനങ്ങളില്‍ അഴിമതിയും സ്വജനപക്ഷപാതവും നടന്നിരുന്നുവെന്ന് തെളിയിക്കപ്പെട്ടതാണ്. ഇപ്പോള്‍ സര്‍വ്വകലാശാലയില്‍ നടക്കുന്നത് അതിന്റെ തനിയാവര്‍ത്തനമാണ്. അധ്യാപക നിയമനത്തിനുള്ള യോഗ്യതാമാനദണ്ഡങ്ങള്‍ അപ്പാടെ അട്ടിമറിച്ചിരിക്കുന്നു. ഇന്റര്‍വ്യൂവിന് കാര്‍ഡയച്ചതിനുശേഷം ഇന്റര്‍വ്യൂമാനദണ്ഡങ്ങള്‍ മാറ്റിമറിക്കുന്നു. സില്‍ബന്തികളെ കുത്തിത്തിരുകാനാണ് അക്കാദമിക് താല്പര്യം നോക്കാതെ ഇത്തരം കുതന്ത്രങ്ങള്‍ക്ക് വി.സി. നേതൃത്വം നല്കുന്നത്. ആദ്യനിയമനങ്ങള്‍ തന്നെ തര്‍ക്കപ്രശ്‌നമായി കോടതിയിലെത്തി. കൂടാതെ തന്റെ ദുഷ്‌ചെയ്തികള്‍ അനുസരിക്കത്ത വകുപ്പ് തലവന്മാരെയും അധ്യാപകരേയും ഭീഷണിപ്പെടുത്തുകയും അവരോട് അപമര്യാദയായി പെരുമാറുകയും അവര്‍ക്ക് അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ നിഷേധിക്കുയും അനാവശ്യമായി ബുദ്ധിമുട്ടിക്കുകയും വി.സി. സ്ഥിരം ശൈലിയായി മാറ്റിയിരിക്കുന്നു. അനധ്യാപക നിയമനങ്ങള്‍ക്ക് വന്‍തോതില്‍ കോഴപ്പണം ആവശ്യപ്പെടുന്നു. ഇലക്ട്രീഷന്‍ തസ്തികയിലേക്കുള്ള ഇന്റര്‍വ്യു നടക്കുന്നതിന് മുന്‍പ് എഴുത്ത് പരീക്ഷയുടെ മാര്‍ക്കുമായി ഉദേ്യാഗാര്‍ത്ഥികളെ സമീപിച്ചായിരുന്നു കോഴപ്പണം ആവശ്യപ്പെട്ടത്. ഈ രേഖകള്‍ ചോരുകയും ഇന്റര്‍വ്യൂവിനു മുമ്പേ എഴുത്തു പരീക്ഷയുടെ മാര്‍ക്ക് മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുകയും ചെയ്തു. ഏഴു ലക്ഷം രൂപ വരെയാണ് ഇലക്ട്രീഷ്യന്‍ തസ്തികയുടെ വില. സര്‍വ്വകലാശാലയ്ക്കു പുറത്ത് ഉദേ്യാഗവാണിഭസംഘങ്ങള്‍ പ്രവര്‍ത്തിച്ച് വരുന്നതായി മനസ്സിലാക്കുവാന്‍ സാധിച്ചിട്ടുണ്ട്.

സര്‍വ്വകലാശാലാ നിയമനങ്ങള്‍ പി.എസ്.സി.യ്ക്കു വിടണമെന്ന് ഇവിടുത്തെ യൂ.ഡി.എഫ്. സംഘടനകള്‍ ആവശ്യപ്പെട്ടുകൊണ്ടിരുന്നു. കഴിഞ്ഞ ഇടതുപക്ഷ സര്‍ക്കാര്‍ സര്‍വ്വകലാശാലാ നിയമനങ്ങള്‍ പി.എസ്.സി.യ്ക്ക് വിടണമെന്ന് തീരുമാനിച്ചു. ഈ തീരുമാനം ഇപ്പോള്‍ അട്ടിമറിക്കുയാണ്. നേരിട്ട് നിയമനം നടത്തേണ്ടുന്ന പല ഉയര്‍ന്ന തസ്തികകളും പ്രമോഷന്‍ തസ്തികകളാക്കി മാറ്റുന്നതിനു വേണ്ടി സര്‍വ്വകലാശാലാ ഓര്‍ഡിനന്‍സില്‍ ഭേദഗതി കൊണ്ടു വരുകയാണ്. മുന്‍ യൂ.ഡി.എഫ്. സിണ്ടിക്കേറ്റിന്റെ കാലഘട്ടത്തില്‍ നിലവിലുണ്ടായിരുന്ന മുഴുവന്‍ ഫുള്‍ടൈം സ്വീപ്പര്‍ തസ്തികയും വിഭജിച്ച് പാര്‍ട്ട് ടൈം സ്വീപ്പര്‍ തസ്തികയാക്കി മാറ്റി. പ്രസ്തുത തസ്തികകളില്‍ മുഴുവന്‍ സ്വന്തക്കാരെ തിരുകിക്കയറ്റി. ഇപ്പോഴത്തെ നോമിനേറ്റഡ് സിണ്ടിക്കേറ്റ് പാര്‍ടൈം സ്വീപ്പര്‍ തസ്തിക വീണ്ടും ഫുള്‍ടൈമാക്കി മാറ്റുകയും ഏഴു പേരെ ഫുള്‍ടൈം സ്വീപ്പര്‍മാരാക്കി പ്രമോട്ട് ചെയ്യുകയും ചെയ്തു. ഇല്ലാത്ത തസ്തികകളില്‍ നിയമിക്കപ്പെട്ടവരെയാണ് ഇപ്പോള്‍ പ്രമോട്ട് ചെയ്തിട്ടുള്ളത്.

നിയമനത്തിന് നിയമത്തിന്റെ യാതൊരു പിന്‍ബലവും ഉണ്ടാവണമെന്ന് വൈസ് ചാന്‍സലര്‍ക്കോ നോമിനേറ്റഡ് സിണ്ടിക്കേറ്റിനോ നിര്‍ബന്ധമില്ല. ഈ അടുത്ത കാലത്ത് എസ്റ്റേറ്റ് ഓഫീസര്‍ തസ്തികയിലേക്ക് ഒരാള്‍ നിയമിക്കപ്പെട്ടുവെങ്കിലും പ്രസ്തുത തസ്തിക ഓര്‍ഡിനന്‍സിലില്ല. പ്രതിമാസം 24,000/- രൂപയും സൗജന്യ താമസ സൗകര്യവും അദ്ദേഹത്തിനു നല്കിയിട്ടുണ്ട്. അദ്ദേഹത്തിനു കീഴില്‍ 10,000/- രൂപ പ്രതിമാസ ശമ്പള പ്രകാരം രണ്ടു കീഴുദേ്യാഗസ്ഥന്മാരേയും അനധികൃതമായി നിയമിച്ചിരിക്കുന്നു. ക്യാമ്പസ് ഹരിതാഭമാക്കി മാറ്റുകയെന്നതാണ് അദ്ദേഹത്തിനു നല്‍കിയിട്ടുള്ള ദൗത്യം. ക്യാമ്പസിനു ചുറ്റുമുള്ള ചെറുമരങ്ങളും വള്ളിപ്പടര്‍പ്പുകളും എല്ലാം ഇതിനോടകം വെട്ടിനിരപ്പാക്കി. ഇതെല്ലാം വന്‍മരങ്ങളുടെ ചുവട്ടില്‍ നിക്ഷേപിച്ച് തീയിടുന്നു. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ വന്‍മരങ്ങളും ഉണങ്ങിപ്പോവും. ക്യാമ്പസ് സുന്ദരമാക്കാന്‍ എന്ന പേരിലാണ് ഈ മരം വെട്ടല്‍. ഈ ഇനത്തില്‍ സര്‍വ്വകലാശാലാ ഖജനാവില്‍ നിന്നും വലിയസംഖ്യ പാഴായി കഴിഞ്ഞിരിക്കുന്നു. കൃഷിയെ പ്രോത്സാഹിപ്പിക്കാന്‍ എന്ന വ്യാജേന മരച്ചുവട്ടില്‍ കപ്പയും ചേമ്പും ചേനയും കുഴിച്ചിട്ടു. നാളിതുവരെ ഒരെണ്ണം പോലും മുളച്ചു പൊന്തിയിട്ടില്ല. സര്‍വ്വകലാശാലാ ക്യാമ്പസ് മരുവത്കരണത്തിലേക്കെത്തിച്ചേരുകയാണ്. ഇതുമൂലം, പരിസര പ്രദേശങ്ങളിലെ കിണറുകളില്‍ ജല നിരപ്പ് താഴാനിടയാകും. ഇത് സംബന്ധമായി ലഭിച്ച പരാതിയില്‍ വിശദീകരണം ആവശ്യപ്പെട്ടുകൊണ്ട് ബയോഡൈവേഴ്‌സിറ്റി ബോര്‍ഡ് വൈസ് ചാന്‍സലറോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. ഡല്‍ഹി കേന്ദ്രമായി ഒരു ലെയ്‌സണ്‍ ഓഫീസറെ നിയമിക്കാന്‍ വൈസ് ചാന്‍സലര്‍ തീരുമാനിച്ചതും നിയമങ്ങള്‍ മറികടന്നു കൊണ്ടാണ്. ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ ഗവേഷണ വിദ്യാര്‍ത്ഥിനിയായ ശ്രീമതി അശ്വതി പത്മസേനനെ യാത്രക്കിടയില്‍ പരിചയപ്പെട്ട വൈസ് ചാന്‍സലര്‍ അവള്‍ക്ക് നിയമനം വാഗ്ദാനം ചെയ്യുകയായിരുന്നു. എന്നാല്‍ നിയമനത്തിന് എന്തെങ്കിലുമൊരു മാനദണ്ഡം ആവശ്യമാണെന്ന് ബന്ധപ്പെട്ട സെക്ഷന്‍ ഓഫീസര്‍ ഫയലില്‍ രേഖപ്പെടുത്തിയപ്പോള്‍ പേരിനൊരു വാക്ക്-ഇന്‍-ഇന്റര്‍വ്യൂ നടത്തുവാന്‍ അദ്ദേഹം നിര്‍ബന്ധിതനായിത്തീര്‍ന്നു. മുന്‍ തീരുമാനപ്രകാരം ശ്രീമതി അശ്വതി പത്മസേനനെത്തന്നെ നിയമിക്കുകയും ചെയ്തു. സര്‍വ്വകലാശാലാ ഓര്‍ഡിനന്‍സില്‍ ഇല്ലാത്ത ഈ തസ്തികയില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ട്ട്‌ടൈം ജീവനക്കാരിക്ക് പ്രതിമാസം 15,000 രൂപയാണ് നിശ്ചയിച്ചിട്ടുള്ള വേതനം. കുമാരി മാരിയത്ത് സി.എച്ചിനെ സര്‍വ്വകലാശാലാ ലൈബ്രറിയില്‍ ലൈബ്രറി അസിസ്റ്റന്റായി നിയമിച്ചതും ചട്ടങ്ങള്‍ മറികടന്നുകൊണ്ട്. നിലമ്പൂര്‍ ചുങ്കത്തറ സ്വദേശിനിയായ ഈ പെണ്‍കുട്ടി ശാരീരികമായ അവശതകള്‍ അനുഭവിക്കുന്ന ഒരാളാണ്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ വുമന്‍ സ്റ്റഡീസിന്റെ ഡയക്ടറുടെ നില്‍ദ്ദേശ പ്രകാരമാണ് പ്രതിമാസം 10,000 രൂപ പ്രതിമാസ ശമ്പളത്തില്‍ മാരിയത്തിനം നിയമനം നല്‍കിയിട്ടുള്ളത്. ഈ നിയമനത്തിനായി ഒരു വാക്ക്-ഇന്‍-ഇന്റര്‍വ്യൂപോലും നടത്തിയിട്ടില്ല.

സര്‍വ്വകലാശാലാ ഭൂമി അന്യാധീനപ്പെടുത്തുന്നു

സര്‍വ്വകലാശാലയുടെ ഭൂമി വിവിധ ഏജന്‍സികള്‍ക്കു സൗജന്യമായി നല്‍കിക്കൊണ്ടിരിക്കുന്നു. സി.എച്. മുഹമ്മദ് കോയ ചെയറിനു 10 ഏക്കര്‍ ഭൂമി നല്‍കുവാന്‍ തീരുമാനിച്ചിരിക്കുന്നു. സര്‍വ്വകലാശാലാ നിയമം അനുസരിച്ച് ചെയറുകള്‍ക്ക് ഭൂമി കൈമാറ്റം ചെയ്യപ്പെടാന്‍ പാടില്ല. ചെയറിനു ആവശ്യമായ കെട്ടിട നിര്‍മ്മാണത്തിനായി പരമാവധി 20 സെന്റ് ഭൂമി വരെ നല്‍കാവുന്നതാണ്. ഇപ്പോള്‍ സര്‍വ്വകലാശാലയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന മറ്റു ഒന്‍പത് ചെയറുകള്‍ക്കും ഭൂമി വിട്ടു നല്‍കിയിട്ടില്ല. ചെയറിന്റെ പേരില്‍ വലിയ ഷോപ്പിങ് കോംപ്ലക്സ്സുകള്‍ ഉള്‍പ്പടെയുള്ള സംവിധാനമാണ് ഇവിടെ വരാന്‍ പോകുന്നത് എന്നാണ് പറഞ്ഞു കേള്‍ക്കുന്നത്. മുസ്ലീം ലീഗിന്റെ ഏറ്റവും ശക്തമായ ഒരു കേന്ദ്രം സര്‍വ്വകലാശാല കേന്ദ്രീകരിച്ച് പ്രവര്‍ത്തിപ്പിക്കുക എന്ന രാഷ്ട്രീയ ലക്ഷ്യമാണ് ഇതിന് പിന്നിലുള്ളത്.

കോടികള്‍ വിലമതിക്കുന്ന ആറ് ഏക്കര്‍ സ്ഥലം എന്‍.സി.സിയ്ക്ക് വിട്ടുനല്‍കുവാന്‍ തീരുമാനമായിരിക്കുന്നു. റിട്ടയേര്‍ട് ആര്‍മി ഉദേ്യാഗസ്ഥനായ ഒരു സിണ്ടിക്കേറ്റ് അംഗത്തിന്റെ പ്രതേ്യക താത്പര്യ പ്രകാരമാണ് ഈ തീരുമാനം കൈക്കൊണ്ടിട്ടുള്ളത്. ഇദ്ദേഹം കോഴിക്കോട് കേന്ദ്രികരിച്ച് ഒരു പ്രീ-റിക്രൂട്ട്‌മെന്റ് പരിശീലന കേന്ദ്രം നടത്തിക്കൊണ്ടിരിക്കുന്നയാളാണ്.

സ്വകാര്യ സ്ഥാപനങ്ങള്‍ക്കു പോലും സര്‍വ്വകലാശാല ഭൂമി സൗജന്യമായി നല്‍കുകയാണ്. കോഴിക്കോട് ആസ്ഥാനമായി രൂപീകരിച്ചിട്ടുള്ള ബാഡ്മിന്റണ്‍ ഡവലപ്പമെന്റ് ട്രസ്റ്റിന് സര്‍വ്വകലാശാലയുടെ രണ്ടര ഏക്കര്‍ സ്ഥലം നല്‍കുവാന്‍ തീരുമാനിച്ചു കഴിഞ്ഞു. ബാഡ്മിന്റണ്‍ വികസനത്തിനും ഇന്റര്‍നാഷണല്‍ സ്റ്റേഡിയം നിര്‍മ്മാണത്തിനുമെന്ന വ്യാജേനയാണ് റിയല്‍ എസ്റ്റേറ്റ് രംഗത്തെ മാഫിയകളടങ്ങുന്നവര്‍ കൂടി ഉള്‍പ്പെട്ട് രൂപീകരിച്ചിട്ടുള്ള സ്വകാര്യ ട്രസ്റ്റിന് സര്‍വ്വകലാശാലാ ഭൂമി കൈമാറുന്നത്. 99 വര്‍ഷത്തേക്ക് പാട്ടത്തിന് നല്കുവാനുള്ള തീരുമാനമാണ് ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നത്. വിശദാംശങ്ങള്‍ പഠിക്കുന്നതിന് വേണ്ടി ശ്രീ. നവാസ് ജാന്‍ കണ്‍വീനറായി ഒരു സമിതിയെ നിയോഗിച്ചിരിക്കുകയാണ്.

സര്‍വ്വകലാശാലാ ഫണ്ട് ധൂര്‍ത്തടിച്ചു കൊണ്ടിരിക്കുകയാണ്. പുതിയ വൈസ് ചാന്‍സലര്‍ ചാര്‍ജ്ജെടുത്തയുടനെ അദ്ദേഹത്തിന് സഞ്ചരിക്കുവാന്‍ 12.5 ലക്ഷം രൂപ ചിലവില്‍ പുതിയ കാര്‍ വാങ്ങി. ഓരോ മുറിയിലും ടി.വി., ക്ലോക്ക്, ക്യാമറ എന്നിവ സ്ഥാപിച്ചു കഴിഞ്ഞു. ഇതിനകം രണ്ടു പുതിയ കാറിനു കൂടി ഓര്‍ഡര്‍ ആയിട്ടുണ്ടത്രേ. ട്രെഡ്മില്‍ ഉള്‍പ്പടെ ഗൃഹോപകരണങ്ങള്‍ വാങ്ങിയ ഇനത്തില്‍ ലക്ഷങ്ങള്‍ പൊലിഞ്ഞു. ബംഗ്ലാവ് മോടി പിടിപ്പിക്കുന്നതിനും ഫര്‍ണിച്ചര്‍ വാങ്ങിക്കൂട്ടിയതിനും ലക്ഷങ്ങള്‍ വേറേയും ചിലവഴിച്ചു. സര്‍വ്വകലാശാലയെ സുന്ദരമാക്കാനെന്ന പേരില്‍ ക്യാമ്പസിന്റെ ജൈവവൈവിധ്യം നശിപ്പിച്ചയിനത്തിലും ലക്ഷങ്ങള്‍ പാഴാക്കി. യാതൊരു നിയന്ത്രണങ്ങളുമില്ലാതെ കംപ്യൂട്ടറുകളും മറ്റു ഉപകരണങ്ങളും വാങ്ങിക്കൂട്ടുന്നു. ഇതിന്റെയെല്ലാം ഫലമായി സര്‍വ്വകലാശാലാ ഫണ്ട് ദുര്‍ബ്ബലമായിരിക്കുന്നു. പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ നല്കുന്നതിനുള്ള പണം പോലും സര്‍വ്വകലാശാലാ ഫണ്ടില്‍ ഇല്ലെന്നുള്ളതാണ് യാഥാര്‍ത്ഥ്യം.

ജീവനക്കാരെ പീഢിപ്പിക്കുന്നു

ജീവനക്കാരെ പീഢിപ്പിക്കുന്ന നടപടികളാണ് വൈസ് ചാന്‍സലര്‍ കൈക്കൊള്ളുന്നത്. ഏകദേശം 400-ഓളം വരുന്ന ജീവനക്കാരുടെ പ്രൊബേഷന്‍ ആനുകൂല്യങ്ങളും പ്രമോഷന്‍ ആനുകൂല്യങ്ങളും തടഞ്ഞ് വച്ചിരിക്കുകയാണ്. കോടതികളില്‍ കേസുണ്ടെന്ന ന്യായം പറഞ്ഞുകൊണ്ടാണ് ഇത് തടഞ്ഞിട്ടുള്ളത്. മുന്‍കാലങ്ങളിലെല്ലാം കേസുകളുടെ അന്തിമവിധിയ്ക്ക് വിധേയമായി ഈ ആനുകൂല്യങ്ങള്‍ നല്കപ്പെട്ടിരുന്നു. വേണ്ടപ്പെട്ടവര്‍ക്കൊക്കെ ഇപ്പോഴും ഈ ആനുകൂല്യങ്ങള്‍ നല്‍കി വരുന്നു. ഇടതുപക്ഷ സംഘടനയില്‍പ്പെട്ട ജീവനക്കാരെ അടിക്കടി സ്ഥലം മാറ്റുന്നു. സംഘടനകളുടെ കോര്‍ണര്‍ യോഗങ്ങള്‍ വിലക്കിക്കൊണ്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. ജീവനക്കാരുടെ പേരില്‍ കള്ളക്കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. പ്രസ്തുത കേസുകളുടെ പേരില്‍ പ്രൊബേഷന്‍ തടഞ്ഞു വച്ചു. റാങ്ക് ലിസ്റ്റ് നിലവിലുള്ള തസ്തികകളില്‍ ഒഴിവുണ്ടായിട്ടും നിയമനങ്ങള്‍ നടത്തുന്നില്ല. ജീവനക്കാര്‍ക്കെതിരേയുള്ള ദ്രോഹ നടപടികള്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് കാലിക്കറ്റ് യുനിവേഴ്‌സിറ്റി എംപ്ലോയീസ് യൂണിയന്റെ ആഭിമുഖ്യത്തില്‍ 31 ദിവസത്തെ അനിശ്ചിതകാല നിരാഹാര സമരം നടന്നു. ഈ സമരം യൂണിയനും സിണ്ടിക്കേറ്റംഗങ്ങളും വൈസ് ചാന്‍സലറും തമ്മില്‍ നടന്ന ഒത്തു തീര്‍പ്പ് കരാറിന്റെ അടിസ്ഥാനത്തില്‍ പിന്‍വലിച്ചു. മാസങ്ങള്‍ പിന്നിട്ടിട്ടും കരാര്‍ വ്യവസ്ഥകളൊന്നും പാലിക്കപ്പെട്ടില്ല.

ഇതില്‍ പ്രതിഷേധിച്ചുകൊണ്ട് യൂണിയന്‍ നേതാക്കള്‍ കുത്തിയിരിപ്പ് സമരം നടത്തി. ഇതിനെതിരെ വൈസ് ചാന്‍സലര്‍ യൂണിയന്റെ നേതാവായ സ: ഇ.കെ. അബ്ദുള്‍ ഹമീദിനെ സര്‍വ്വീസില്‍ നിന്നും സസ്‌പെന്റ് ചെയ്യുകയും മൂന്ന് വനിതകളുള്‍പ്പടെ 13 പേരുടെ പേരില്‍ ജാമ്യമില്ലാത്ത വകുപ്പുകള്‍ ചേര്‍ത്ത് കള്ളക്കേസ് കൊടുക്കുകയും ചെയ്തു. തൊട്ടടുത്ത ദിവസം, 2011ല്‍ നടന്ന പരീക്ഷാഭവന്‍ സംഭവത്തിന്റെ പേരില്‍ യൂണിയന്‍ വൈസ് പ്രസിഡന്റ് സ: അഖില്‍ ദാസ്. ടി., യൂണിയന്‍ എക്‌സിക്യൂട്ടിവ് കമ്മിറ്റിയംഗങ്ങളായ സഖാക്കള്‍ വി. ധനിക് ലാല്‍, അബ്ദുള്‍ റഷീദ്. ടി., സുരേഷ് വി., എന്നിവരേയും സസ്‌പെന്റ് ചെയ്തു. 6-ാം തിയ്യതി രാവിലെ ഭരണവിഭാഗം ആപ്പീസിലെത്തിയ യൂണിയന്റെ ജനറല്‍ സിക്രട്ടറിയേയും പ്രസിഡന്റിനേയും വൈസ് ചാന്‍സലറുടെ നിര്‍ദ്ദേശ പ്രകാരം അന്യായമായി പോലീസ് അറസ്റ്റ് ചെയ്തു. വൈസ് ചാന്‍സലറുടെ ധിക്കാരപരമായ നടപടികള്‍ക്കെതിരെ പ്രതിഷേധം ശക്തമായപ്പോള്‍ കാമ്പസിലാകെ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. പ്രകടനങ്ങളും പ്രതിഷേധ യോഗങ്ങളും വിലക്കി. പ്രകടനം നടത്തുവാന്‍ ഒരാഴ്ച്ചത്തെ മുന്‍കൂര്‍ അനുമതി വേണമെന്ന് നിബന്ധനവച്ചു. ജീവനക്കാരുടെ വാഹനങ്ങള്‍ ആപ്പീസിനുള്ളില്‍ കയറ്റാന്‍ പാടില്ലെന്ന് ഉത്തരവ് പുറപ്പെടുവിച്ചു. വൈസ് ചാന്‍സലറുടെ സെക്യൂരിറ്റിയ്ക്ക് പ്രതേ്യക സുരക്ഷാ ഉദേ്യാഗസ്ഥന്മാരെ നിയമിച്ചു. സമരദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനായി ആര്‍ട്ട് & ഫോട്ടോഗ്രാഫിയിലെ ജീവനക്കാരനേയും ഋങങഞഇയിലെ ജീവനക്കാരെയും നിയോഗിച്ചു. ഇതുകൊണ്ടൊന്നും പക തീരാതിരുന്ന വൈസ് ചാന്‍സലര്‍ ഹൈക്കോടതിയെ സമീപിക്കുകയും കാമ്പസിന്റെ 200 മീറ്റര്‍ പരിധിക്കുള്ളില്‍ പ്രക്ഷോഭങ്ങള്‍ നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് സമ്പാദിക്കുകയും ചെയ്തു. തികച്ചും തെറ്റിദ്ധാരണാജനകമായ വസ്തുതകളാണ് അദ്ദേഹം കോടതിയെ ധരിപ്പിച്ചത്. പിന്നീട് കാമ്പസിനുള്ളില്‍ സ്ഥാപിച്ചിരുന്ന പ്രചരണ ബോര്‍ഡുകളും ബാനറുകളും പോലീസിനെ ഉപയോഗിച്ച് ബലം പ്രയോഗിച്ച് മാറ്റി. സമാധാനപരമായി യോഗം ചേര്‍ന്ന അധ്യാപകര്‍ക്കെതിരെ കള്ളക്കേസെടുത്തു. എന്നാല്‍ കോടതി വിധി ലംഘിച്ച് പ്രകടനവും വിശദീകരണ യോഗവും ചേര്‍ന്ന കുസ്സോയ്ക്ക് എല്ലാ ഒത്താശകളും അദ്ദേഹം ചെയ്തു കൊടുത്തു. പ്രശസ്ത ചരിത്രകാരനും കാലടി സംസ്‌കൃത സര്‍വ്വകലാശാലായില്‍ വൈസ് ചാന്‍സലറുമായിരുന്ന ശ്രീ. കെ.എന്‍. പണിക്കര്‍ക്ക് സര്‍വ്വകലാശാലയില്‍ പ്രഭാഷണം നടത്തുവാനുള്ള അനുമതി നിഷേധിച്ചു. അധ്യാപകരും ഗവേഷണ വിദ്യാര്‍ത്ഥികളും ചേര്‍ന്ന് സംഘടിപ്പിച്ച ഒരു സെമിനാറില്‍ സംബന്ധിക്കുന്നതിന് വേണ്ടിയാണ് ശ്രീ കെ.എന്‍. പണിക്കര്‍ കാമ്പസിലെത്തിയത്. ഇതിനായി ഷാമിയാന കെട്ടിക്കൊണ്ടിരിക്കെ വൈസ് ചാന്‍സലര്‍ ഇടപെടുകയും ഷാമിയാന കെട്ടുന്നത് തടയുകയും പ്രഭാഷണത്തിന് അനുമതി നിഷേധിച്ച വിവരം അറിയിക്കുകയും ചെയ്തു. വിലക്ക് മറികടന്ന് കൊണ്ട് ശ്രീ. കെ.എന്‍. പണിക്കര്‍ സംസാരിക്കാന്‍ തയ്യാറായപ്പോള്‍ അനുമതി നിഷേധിച്ചില്ലെന്ന വ്യാജ വാര്‍ത്തയുമായി വൈസ് ചാന്‍സലര്‍ രംഗത്തെത്തി.

ജനാധിപത്യ സമിതികളെയെല്ലാം നോക്കുകുത്തികളാക്കി മാറ്റിക്കൊണ്ട് സര്‍വ്വകലാശാലയില്‍ ദുര്‍ഭരണം നടക്കുകയാണ്. വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും ജീവനക്കാരെയും പൊതുജനങ്ങളെയും പ്രതികൂലമായി ബാധിക്കുന്ന ഭരണ നടപടികളാണ് ഇവര്‍ കൈക്കൊള്ളുന്നത്. മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി വൈസ് ചാന്‍സലറും പ്രോ വൈസ് ചാന്‍സലറും രജിസ്ട്രാറും എല്ലാം രാഷ്ട്രീയ അജണ്ടകള്‍ നടപ്പിലാക്കുവാന്‍ എല്ലാവിധ പിന്‍തുണയും നല്കിപ്പോരുന്നു. മലബാറിന്റെ വിദ്യാഭ്യാസ പുരോഗതിക്കായി രൂപം കൊണ്ട ഈ സര്‍വ്വകലാശാല ഇപ്പോള്‍ നാശത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നു. ജനാധിപത്യ ധ്വംസനവും, അഴിമതിയും, ധൂര്‍ത്തും, സ്വജനപക്ഷപാതവും, പൊതുമുതല്‍ നശിപ്പിക്കുലുമെല്ലാം ഇവിടെ നിര്‍ബാധം നടന്നുകൊണ്ടിരിക്കുന്നു. കാലിക്കറ്റ് സര്‍വ്വകലാശാലയെ ഇല്ലാതാക്കും എന്ന അജണ്ടയാണ് യൂ.ഡി.എഫ്. വി.സി.യും, പി.വി.സി.യും, രജിസ്ട്രാറും, സിണ്ടിക്കേറ്റും നടപ്പിലാക്കുക്കൊണ്ടിരിക്കുന്നത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ക്യാമ്പസിനെ വര്‍ഗ്ഗീയവല്ക്കരണത്തിലേക്ക് തള്ളിവിടാനുള്ള നീക്കം പോലും ഉണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഈ സ്ഥിതി തുടര്‍ന്നാല്‍ സര്‍വ്വകലാശാലയുടെ നിലനില്പു തന്നെ അപകടത്തിലായേക്കാം. അങ്ങനെ സംഭവിക്കാതിരിക്കണമെങ്കില്‍ അനീതിയ്ക്കും അഴിമതിയ്ക്കുമെതിരെ ശക്തമായ ജനരോഷം ഉയര്‍ന്ന് വരണം. വിദ്യാഭ്യാസത്തെ സ്‌നേഹിക്കുന്ന മുഴുവനാളുകളും അണിനിരന്നുകൊണ്ട് ഈ സര്‍വ്വകലാശാലയെ സംരക്ഷിക്കേണ്ടതുണ്ട്.

Tags: