ആമുഖം

കാലിക്കറ്റ് സര്‍വ്വകലാശാലാ ജീവനക്കാരുടെ സമര സംഘടനയായ കാലിക്കറ്റ് യൂണിവേഴ്സിറ്റി എംപ്ളോയീസ് യൂണിയന്‍ കാമ്പസിലെ ഏറ്റവും വലിയ സര്‍വ്വീസ് സംഘടനയാണ്. 1970-ല്‍ പ്രവര്‍ത്തനമാരംഭിച്ച യൂണിയന്‍, ജീവനക്കാരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളില്‍ അന്നും ഇന്നും ഒരുപടി മുന്നില്‍ തന്നെയാണ്. അനീതിയ്ക്കും അരുതായ്മകള്‍ക്കുമെതിരെ സന്ധിയില്ലാതെ സമരം ചെയ്തുകൊണ്ടാണ് യൂണിയന്‍ പ്രവര്‍ത്തനപാതയില്‍ നിലയുറപ്പിച്ചത്. എണ്ണമറ്റ സമര പ്രക്ഷോഭങ്ങളിലൂടെ കരുത്താര്‍ജ്ജിച്ച യൂണിയന്‍, ജീവനക്കാരുടെ ആത്മാഭിമാനവും അന്തസ്സും ഉയര്‍ത്തിപ്പിടിക്കുന്നതില്‍ നിരന്തര ജാഗ്രത പുലര്‍ത്തിപ്പോരുന്നു. അധികാരി വര്‍ഗ്ഗത്തിന്റെ അടിച്ചമര്‍ത്തലുകള്‍ക്കും പ്രതികാര നടപടികള്‍ക്കുമെതിരെ വിട്ടുവീഴ്ചയില്ലാതെ പൊരുതി മുന്നേറിയ യൂണിയന്‍ ഇടതുപക്ഷ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കുന്ന കലര്‍പ്പില്ലാത്ത സേവനപരത കാമ്പസില്‍ സന്നിവേശിപ്പിച്ചു. സമരത്തിന്റെ തീക്ഷ്ണാനുഭവങ്ങളില്‍ നിന്നാര്‍ജ്ജിച്ച കരുത്തുമായി യൂണിയന്‍ മുന്നേറുകയാണ്. ഒറ്റുകാരുടെയും പിളര്‍പ്പന്മാരുടെയും വര്‍ഗ്ഗവഞ്ചകരുടെയും നെറികേടുകള്‍ക്കെതിരെ യൂണിയന്‍ ജാഗ്രതയോടെ നിലകൊള്ളുന്നു. വിഘടിത പ്രവര്‍ത്തനങ്ങളെ തുറന്നെതിര്‍ത്തുകൊണ്ട് സംഘടനാപ്രവര്‍ത്തനത്തിന്റെ ശരിയായ ദിശാബോധം കാഴ്ചവെയ്ക്കുവാന്‍ യൂണിയന് കഴിഞ്ഞു. സംശുദ്ധമായൊരു സര്‍വ്വകലാശാലാ സംസ്കാരം രൂപപ്പെടുത്തുന്നതില്‍ നിര്‍ണ്ണായകപങ്ക് വഹിക്കുവാന്‍ യൂണിയന് കഴിഞ്ഞു. സര്‍വ്വകലാശാലാ ജീവനക്കാരുടെ അവകാശ സമരപ്പോരാട്ടങ്ങള്‍ക്ക് നായകത്വം വഹിച്ച ഈ പ്രസ്ഥാനം നിരന്തര പ്രക്ഷോഭങ്ങളിലൂടെ ജീവനക്കാരുടെ ഹൃദയപക്ഷത്ത്തന്നെ സ്ഥാനംപിടിച്ചു. നാല് പതിറ്റാണ്ടിന്റെ സമരാനുഭവങ്ങള്‍ക്ക് നേര്‍സാക്ഷ്യം വഹിച്ച മഹത്തായ ഈ പ്രസ്ഥാനം അതിന്റെ ജൈത്രയാത്ര തുടരുകയാണ്.....